Thursday, August 27, 2015

- ചതിയുടെ മാവേലിക്കഥ-



"ശിലയുടെ നിറമാർന്ന, 
നിലാവിൻ പ്രഭയുള്ള
ദളിതനായിരുന്നവൻ,
എൻ്റെ മാവേലി,,

അവർക്കായ് മാത്രം ജീവിച്ചവൻ
അടിയാളർക്ക് തണലായപ്പോൾ
സ്നേഹം കൊണ്ട് നയിച്ച മൂപ്പനെ 
രാജാവെന്നവർ വിളിച്ചു.,,,
മുഖവും മനസും ഇരുണ്ടു,
മാടമ്പി മനയിലെ തമ്പുരാന്,,,

 ഉറ്റവർക്കും ഉടയോർക്കും
 വിലയിട്ടു ആര്യൻ;
തലമുറകളുടെ ആവർത്തനത്തിലും
ഉണങ്ങാത്ത ചുടുചോരയുടെ വില

ആ വിയർപ്പും അധ്വാനവും
അലിഞ്ഞ പാടത്തെ ചേറ്റിൽ
അവൻ്റെ ശിരസ്  ജീവനോടെ
ചവിട്ടിത്താഴ്ത്തീ,,
മനയിലെ ദൈവം'.

അന്വേഷിച്ച പാവങ്ങളോട്
മേലാളനുര ചെയ്തു,,,
"അവൻ വർഷത്തിലൊരിക്കൽ
തിരികെ വരുമെന്ന് ''
കള്ളം പോലും നാണിച്ചു
തമ്പുരാൻ്റെ ചതിയ്ക്ക് മുന്നിൽ,,

കൊന്നിട്ടും തീർന്നില്ല പക, !!
അധ്വാനിയുടെ ദേഹത്തിന്
തൻ്റെ കുടവയറും നിറവും
പകർന്നൂ; മേലാളനും കൂട്ടരും

കീറത്തുണിയണിഞ്ഞവന്
പട്ടിൻ്റെ പ്രൗഢി ചുമത്തി,
നഗ്നമായ മാറിൽ അടിച്ചേൽപ്പിച്ചു,
മഞ്ഞലോഹത്തിൻ്റെ കലർപ്പ്,

വെയിലേറ്റ് വാടാത്തവന്;
ഇല്ലത്തിൻ്റെ മൂലയിൽ
എന്നോ ഉപേക്ഷിച്ച 
മറക്കുടയുടെ മറവ് നൽകി
അവൻ്റെ നാടിനെ
പാതാളത്തോളം താഴ്ത്തി.

 ചതിച്ച് കൊന്നവനെ
അനാദിയുടെ അവതാരമാക്കി,
ഒടുവിൽ ;
ഇരയ്ക്ക്  'തമ്പുരാൻ 'ൻ്റെ 
നാമവും നൽകിയവർ
വീട്ടുകയാണിന്ന്;
യുഗാന്തരങ്ങൾക്കപ്പുറവും
അടങ്ങാത്ത വെറുപ്പ്,,"

Sunday, April 19, 2015

മതം
















''കാലമേ നീ കടം തരിക...
ഞരമ്പിനുള്ളിലെ ചോരയ്ക്ക്
നിറമൊന്നെന്നറിയുന്ന
അലിവാര്‍ന്ന മനസ്സുകളെ;

എടുത്തുകൊള്ളുക;
മനുഷ്യനെ മൃഗമാക്കാന്‍
അവന്‍ തന്നെ തീര്‍ത്ത
മതമില്ലാത്ത മതങ്ങളെ

തകര്‍ത്തെറിയുക;
കല്ലിലും മണ്ണിലും
പണിത ചൈതന്യമുറങ്ങാത്ത
ആരാധനാലയങ്ങളെ

തിരിച്ചറിവേകുക;
ദൈവമെന്നത് നിന്നിലും
നീ കാണുന്നവരിലുമെന്ന്.

പൊറുക്കാതിരിക്കുക;
തെറ്റുകള്‍ ശരികളാക്കി
സത്യത്തെ നശിപ്പിക്കുന്നവരോട്.''

Friday, December 5, 2014

വേര്.


;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

"ചോര നിറമുള്ള കണ്‍പോളകള്‍
അടര്‍ന്ന് മാറുന്നതിന് മുമ്പെ
ആ വേരിന്റെ സാന്നിദ്ധ്യം
എന്നോട് പതിയെ
വിളിച്ചുപറഞ്ഞത് ഹൃദയം..
ജന്മം നല്‍കുന്നവളെ
ആത്മാവിനോട് ബന്ധിപ്പിക്കുന്ന
രക്തബന്ധത്തിന്റെ അടയാളമാണ്
അതെന്ന് സ്വയം പഠിപ്പിക്കാന്‍ ശ്രമിച്ചു"

"നിശീഥിനിയുടെ മൂന്നാംയാമത്തില്‍
മുന്നൂറ് ദിനരാത്രങ്ങളോളം
കഴിച്ചുകൂട്ടിയ സുരക്ഷിതത്വത്തിന്റെ
രക്തയറയില്‍ നിന്ന് അവരെന്നെ
തല കീഴായ് പുറത്തെടുത്തപ്പോള്‍
അറുത്ത്മാറ്റപ്പെട്ട വേരിനെയോര്‍ത്ത്
ഞാനുറക്കെ കരഞ്ഞു.
അതായിരുന്നു ആദ്യത്തെ കരച്ചില്‍"

"പൊക്കിള്‍കൊടിയുടെ
സ്മാരകമെന്ന പോലെ
ഉദരപ്പുറമെ വഹിച്ച മാസംഭാഗം
വേരിന്റെ രൂപാന്തരമാണെന്ന്
സ്വയം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു
ജീവിതത്തിന്റെ അടിവേര്
കാലം അറുത്തുമാറ്റവെ...
ഈ ലോകത്തോട് ചേര്‍ത്ത്
നിര്‍ത്തുന്ന വേരുകളാണ്
ബന്ധങ്ങളെന്ന് തിരിച്ചറിഞ്ഞു.."

'സെമിത്തേരിയില്‍ അടര്‍ത്തുവീണ
മരത്തിന്റെ ഉണങ്ങിയ വേരിനെ
ശവക്കല്ലറയ്ക്കുള്ളില്‍ നിന്നും
ഞാന്‍ എത്തിപ്പിടിക്കാന്‍ ശ്രമിച്ചു.
ആത്മാവിനോടുള്ള പ്രണയംകൊണ്ടാവാം..
ശിഖരമെന്‍ കൈകളായി മാറി
മരിക്കാന്‍ മനസ്സില്ലെന്നുദ്‌ഘോഷിച്ച്
ആകാശത്തിലേക്കുയര്‍ന്നു...'

Saturday, November 8, 2008

ചിരി




"നീയെന്നും ശ്രമിച്ചിരുന്നത്‌;
വിലകുറഞ്ഞ വികാരങ്ങള്‍ക്ക്‌
ജീവന്‍ വയ്ക്കുന്ന ഇടവേളകളില്‍
ഞാന്‍ സമ്മാനിച്ച ചുംബനങ്ങള്‍
മറച്ചുവയ്ക്കാനായിരുന്നു.
ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്‌;
കടുംചുവപ്പില്‍ ചാലിച്ചെടുത്ത -
എന്റെ ചുണ്ടടയാളങ്ങള്‍,
പ്രതിഫലിക്കുന്നത്‌ കണ്ട്‌.

നിനക്ക്‌ ധൃതിയായിരുന്നു;
വേഗത നന്നെ കുറവല്ലായിരുന്നു,
വാകമരങ്ങള്‍ തണല്‍വിരിച്ച
നടപ്പാതകളിലെല്ലാം
അവഗണനയുടെ മുള്ളാണികള്‍
വിതറിയുള്ള നിന്റെ നടപ്പിനും.
വാക്കുകള്‍ ഹൃദയത്തിലേല്‍പ്പിച്ച
മുറിവിനോളം നിശിതമല്ലവയെന്ന
തിരിച്ചറിവില്‍ ചിരി തുടരേണ്ടി വന്നു.

നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച
ഇരുണ്ട അടയാളങ്ങള്‍
എന്റെ കുസൃതികളോരോന്നും
ഓര്‍മ്മിപ്പിക്കുന്നതിനാലാവാം
റോസ്‌ പൗഡറിന്റെ
ധാരാളത്തത്തിനുള്ളിലേക്ക്‌
ചുവപ്പ്‌ പടര്‍ന്ന വദനം,
നീയൊളിപ്പിച്ചുവച്ചത്‌.

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ചിതയൊരുക്കിയ നിന്റെ കണ്ണുകള്‍
അലകളുറങ്ങാതെ നില്‍ക്കുന്നത്‌
തെല്ലൊന്നമ്പരപ്പിച്ചു.
മിഴികള്‍ക്കുള്ളിലെ തിരമാലകളില്‍
നനുത്ത പ്രതീക്ഷയുടെ
അമരവുമൊടുവില്‍
മുങ്ങുന്നത്‌ കണ്ട്‌
അട്ടഹസിച്ചുകൊണ്ടേയിരുന്നു;
ബോധമനസ്സിന്റെ
അവസാനത്തെ കമ്പിയും
മുറിഞ്ഞടരും വരെ."

Monday, September 1, 2008

അടയാളങ്ങള്‍


"പ്രണയത്തിന്റെ
വിശുദ്ധിയും നിറവും
നിശബ്ദം വിളിച്ചു
പറയുകയായിരുന്നു;
ചുവന്ന തെരുവിലെ
ഒഴിഞ്ഞൊരു കോണില്‍
അലക്കാനിട്ട വിരിപ്പിലായ്‌
ഉണങ്ങാതെ അവശേഷിച്ച
ചില അടയാളങ്ങള്‍ "

"പാതിവ്രത്യമെന്ന
അനാവശ്യകതയുടെ
മൂടുപടമണിയിച്ച്‌
അവളെ പതിയെ
ചങ്ങലക്കിടാമെന്ന
മോഹം നിരര്‍ത്ഥകമെന്ന്‌
തിരിച്ചറിഞ്ഞവര്‍
മൗനം ഒരനുഗ്രഹമായി
വിധിയെഴുതി. "

"കിടപ്പറയിലെ മങ്ങിയ
വെളിച്ചത്തിന്റെ
ആര്‍ഭാടത്തിലേക്ക്‌
എത്തിച്ചേര്‍ന്ന തന്നോട്‌
കന്യകാത്വത്തിന്റെ
അടയാളത്തെക്കുറിച്ച്‌
അന്വേഷിച്ച വരനെനോക്കി
നവോഢ പൊട്ടിച്ചിരിച്ചു
ലിപ്സ്റ്റിക്കിന്റെ തീഷ്ണത
ചുവപ്പിച്ച ചുണ്ടിലെ
പാര്‍ശ്വത്തില്‍ വിരിഞ്ഞ
പരിഹാസത്തെ മറയ്ക്കാന്‍
തെല്ലും പര്യാപ്തമായിരുന്നില്ല."

Thursday, August 21, 2008

നീ ചെയ്യേണ്ടത്‌...


"മരണത്തിന്റെ
ഗന്ധമുള്ള
ഇരുണ്ട ഇടനാഴിയില്‍
പരിചയിച്ച
വിളര്‍ച്ച ബാധിച്ച
മുഖങ്ങള്‍ക്കിടയില്‍
സ്വന്തം മുഖവും
കാണേണ്ടി വന്നതോര്‍ത്ത്‌
പരിതപിക്കാതിരിക്കുക.."

"മറവിയുടെ
വെളിച്ചം കുറഞ്ഞ
സെമിത്തേരിയുടെ
ശിലാഫലകത്തില്‍
ഓര്‍മ്മയുടെ ശവം
കരിച്ചുണക്കിയെടുത്ത
നനുത്ത ചാരം
വാരി വിതറുക."

"ചിതറിക്കിടന്നീടുന്ന
എല്ലിന്‍കഷണങ്ങള്‍
ബാക്കി വച്ച
മാംസപിണ്ഢങ്ങളാല്‍
കല്ലറയുടെ
പുറംപാളിയ്ക്ക്‌
ചൂടു പകരുക."

"അസഹ്യതയുടെ
പാരമ്യത്തില്‍
ഓര്‍മ്മയുടെ
പുറംകാഴ്ചകളിലേക്ക്‌
ആകാംക്ഷയോട്‌
കുതറിച്ചാടാന്‍
തയ്യാറെടുക്കുന്ന
ആത്മാവിനെ
മരവിച്ച ഹൃദയത്തില്‍
നഷ്ടപ്പെട്ട താളത്തെ
കാട്ടിക്കൊടുത്ത്‌
അടക്കിനിര്‍ത്തുക."

"നിന്റെ ചിന്തകളുടെ
ബലിപീഠത്തില്‍
കഴുത്തിനീട്ടിനില്‍ക്കുന്ന
ഭൂതകാലത്തിന്റെ
ചോരമണക്കുന്ന
ചോദ്യങ്ങള്‍ക്ക്‌
ഉത്തരമില്ലെന്ന്‌
തിരിച്ചറിഞ്ഞ്‌
പൊട്ടിച്ചിരിക്കുക."

Tuesday, August 12, 2008

വാക്ക്‌



"മേശപ്പുറത്തെ
പഴയ മഷിക്കുപ്പിയില്‍
നിന്നും നിറം മങ്ങിയ
കൊഴുത്ത ദ്രാവകം;
യുഗങ്ങള്‍ക്ക്‌ മുമ്പെ
സ്വന്തമാക്കിയിരുന്ന
തടിച്ച പേനയ്ക്കുള്ളില്‍
നിറയ്ക്കാനൊരുങ്ങവെ
എന്റെ കൈകള്‍
ഞാനറിയാതെ തന്നെ
നിശ്ചലമായി!!!"

"തിരിച്ചറിവിനുള്ള
സമയം നല്‍കാതെ
തീഷ്ണതയാര്‍ന്ന
യൗവനം പക്ഷേ
എനിക്കുംമുമ്പെ
കടന്നുപോയിരുന്നു.
കാലത്തിന്റെ കയ്യില്‍
നിന്നും പണയമായെടുത്ത
ചിതലരിച്ച രഥത്തിലാണ്‌
തങ്ങളുടെ യാത്രയെന്ന്‌
വിളിച്ചുപറയാന്‍
യുവതയെ വഹിച്ച
കറുത്ത കുതിരകള്‍
എന്തുകൊണ്ടോ
മനസ്സുകാണിച്ചില്ല."

"നനുത്ത തൊണ്ടയില്‍
കുരുങ്ങിക്കിടന്ന
വാക്കുകള്‍ ഒന്നാകെ
നഷ്ടപ്പെട്ടിരിക്കുന്നുവെന്ന
യാഥാര്‍ത്ഥ്യം വെളിപ്പെടുത്താന്‍
മടിയായിരുന്നു.
എനിക്കായ്‌ മാത്രം
സ്വന്തമല്ലവയെന്ന
തോന്നല്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചു.
ഓരോ വാക്കും
ജിവന്‍ വേറിട്ട്‌
വല്ലാത്തൊരു വെറുപ്പോടെ
വിട പറയും വരെ."

Thursday, July 31, 2008

മിഴികള്‍


"നിങ്ങളെന്നെ
ചങ്ങലയ്ക്കിട്ടുവെന്ന
കൃഷ്ണമണിയുടെ
പരിഭവം
മിഴികളുടെ
പൊട്ടിച്ചിരിയില്‍
അലിഞ്ഞുചേര്‍ന്നു."

"പീലികളുടെ തടവറയില്‍
പുറംകാഴ്ചയുടെ
മാധുര്യം നുണയാന്‍
എല്ലായ്പ്പോഴും
കഴിയാറില്ലെന്ന സത്യം
പുറത്തുപറയാന്‍
കണ്ണുകള്‍ മടി കാണിച്ചു."

"തങ്ങളുടെ സ്വാതന്ത്ര്യം
കണ്‍പോളകളുടെ
ചലനത്തിലാണെന്ന
രഹസ്യം മിഴികള്‍ക്ക്‌
അന്യമാണെന്ന
തിരിച്ചറവില്‍
പീലികള്‍ അടക്കിച്ചിരിച്ചു."

"മിഴികള്‍ മുഖത്തോടും
ശരീരം ആത്മാവിനോടും
പരാതി പറയുന്നത്‌
തുടര്‍ന്നുകൊണ്ടേയിരുന്നു.
ശൂന്യതയില്‍ ബന്ധിതനാണ്‌
താനെന്ന യാഥാര്‍ത്ഥ്യം
ആത്മാവ്‌ നിര്‍ലജ്ജം
വെളിപ്പെടുത്തും വരെ."

Sunday, July 13, 2008

ഭ്രമം


നക്ഷത്രങ്ങളെന്നത്‌
പേരിന്‌ പോലുമില്ലാത്ത
ആകാശം;
തേടിയലഞ്ഞവര്‍
മിന്നാമിനുങ്ങിന്റെ
കുഞ്ഞുവെട്ടം
കണ്ട്‌ ഭ്രമിച്ചിരുന്നു.

തിരകളില്ലാത്ത
കടലിനെയന്വേഷിച്ച്‌
യാത്രചെയ്തവരുടെ
ശബ്ദം പക്ഷെ;
കടല്‍ക്കാക്കകളുടെ
ബഹളത്തില്‍
അലിഞ്ഞില്ലാതായി.

ആത്മാവില്ലാത്ത
ലോകത്തെത്താന്‍
തിടുക്കം കൂട്ടിയവര്‍
ജീവന്റെ വിലയറിഞ്ഞ്‌
ഭൂമിയിലേക്ക്‌
തിരിച്ചുവരാന്‍ കൊതിച്ചു.

ചിറകുകളൊന്നാകെ
കരിഞ്ഞടര്‍ന്നുവീണ
നിശാശലഭങ്ങള്‍
വിളക്കിന്‌ ചുറ്റും
നൃത്തം ചെയ്യുന്നത്‌
സ്വപ്നം കാണുവാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.

അണയാറായ
ആ ദീപത്തിനരികെ
എഴുതാതെ പോയ
പരീക്ഷയുടെ
ഉത്തരങ്ങളെയോര്‍ത്ത്‌
മനസ്സ്‌ തളര്‍ന്ന കുട്ടികള്‍
ഉറക്കം തൂങ്ങുകയായിരുന്നു.

Saturday, June 28, 2008

ഒറ്റപ്പെടല്‍



"ഗര്‍ഭപാത്രത്തിന്റെ
ഇരുട്ടറയില്‍
ഒതുങ്ങിക്കൂടാന്‍
വിധിക്കപ്പെട്ട
ദിനങ്ങളോരോന്നും
ഏകാന്തതയുടെ
പരമ്പരയ്ക്ക്‌
തുടക്കമായെന്ന്‌
ഓര്‍മ്മിപ്പിച്ചു ".

"ഒറ്റപ്പെടലിന്റെ
വിരസതയില്‍ നിന്ന്‌
സ്വതന്ത്രനായതിലുള്ള
അതിരേകം കൊണ്ടാവാം
ആദ്യത്തെ കണ്ണുനീരിന്‌
നനുത്ത മധുരമായിരുന്നു ".
"ശൈശവത്തിന്റെ
നിഷ്കളങ്കതയെ
ഒറ്റപ്പെടുത്തുവാന്‍
ബാല്യത്തിന്റെ കൗതുകം
എന്തെന്നില്ലാത്ത
ഉത്സാഹമാണ്‌
പ്രകടിപ്പിച്ചത്‌ ".

"കൗമാരചാപല്യം
വഴിയൊരുക്കി;
കുതിപ്പും കിതപ്പും -
അരങ്ങു തകര്‍ത്താടുന്ന
ചോരത്തിളപ്പേറിയ
യൗവനത്തിന്‌ ".
"ഏകനാണെന്ന പ്രതീതി -
അകറ്റുവാനായ്‌
സ്വയം വരുത്തിവച്ച
ഗാര്‍ഹസ്ഥ്യം പക്ഷേ;
ഒറ്റപ്പെടലിന്റെ തീഷ്ണതയ്ക്ക്‌
ആക്കംകൂട്ടുകയായിരുന്നു".

"അപര്യാപ്തതയുടെ
നനുത്ത വാര്‍ദ്ധക്യം
വഴിയൊരുക്കിയത്‌ -
തിരിച്ചുവരവില്ലാത്ത
പ്രയാണത്തിനാണെന്ന്‌
അറിഞ്ഞിരുന്നു.പക്ഷേ;".
"മരണത്തിന്റെ
മരം കോച്ചുന്ന
തണുപ്പിന്‌
സമയമായെന്ന്‌
ആദ്യം വിളിച്ചറിയിച്ചു; -
മിടിപ്പ്‌ നിര്‍ത്തിയ ഹൃദയം ".

"ഞാന്‍ ഒറ്റയാണെന്ന
ആത്മാവിന്റെ ശബ്ദം
തിരിച്ചറിയാന്‍ -
പട്ടടയിലെ;
ഉണങ്ങിയ വിറകുകള്‍
വല്ലാത്തൊരു
ദാഹത്തോടെ പുല്‍കിയ
അഗ്നിക്ക്‌
മാത്രമാണ്‌ സാധിച്ചത്‌".

Monday, May 26, 2008

ശൂന്യത

ശൂന്യതയുടെ
കയത്തില്‍
നിന്നായിരുന്നു
കറുത്ത ലോകത്തിണ്റ്റെ
ഇരുണ്ട കാഴ്ചകളിലേക്ക്‌
ഉള്‍ക്കിടിലത്തോടെ പ്രവേശിച്ചത്‌.

മായം ചേര്‍ത്ത
സ്നേഹപ്രകടനങ്ങള്‍
പുറംകാഴ്ചകളുടെ
ഭീതിദമായ
അകത്തളങ്ങളെയാണ്‌
സൂചിപ്പിക്കുന്നതെന്ന്‌
ശൈശവം പോലും
ഓര്‍മ്മിപ്പിച്ചു.

കൌമാരത്തിണ്റ്റെ
ആകുലതകളെ
ചാപല്യങ്ങളെന്ന്‌
പരിഹസിച്ച്‌
ഒരരികിലേക്ക്‌
ഒതുക്കിയപ്പോള്‍
ഉള്ളില്‍ പൊടിഞ്ഞ കണ്ണുനീരിന്‌
ഉപ്പിന്‍രസമുണ്ടായിരുന്നില്ല.

പ്രണയത്തിണ്റ്റെ
നവമുകുളങ്ങള്‍ക്ക്‌
മനസ്സിണ്റ്റെ അടഞ്ഞ കോണില്‍
ജീവന്‍ വച്ചപ്പോള്‍
ശൂന്യതയുടെ വലുപ്പം
നന്നെ കുറഞ്ഞതായ്‌ തോന്നി.

വിരഹമെന്നത്‌
വഞ്ചനയുടെ
മറ്റൊരു പേരാണെന്ന്‌
അവള്‍ തെളിയിച്ചപ്പോള്‍
വൈകിയാണെങ്കിലും
തിരിച്ചറിഞ്ഞു.
കാമുകിയുടെ
ഹൃദയത്തിണ്റ്റെ സ്ഥാനം
ശൂന്യത കയ്യടക്കിയിരുന്നുവെന്ന്‌.