Thursday, August 21, 2008

നീ ചെയ്യേണ്ടത്‌...


"മരണത്തിന്റെ
ഗന്ധമുള്ള
ഇരുണ്ട ഇടനാഴിയില്‍
പരിചയിച്ച
വിളര്‍ച്ച ബാധിച്ച
മുഖങ്ങള്‍ക്കിടയില്‍
സ്വന്തം മുഖവും
കാണേണ്ടി വന്നതോര്‍ത്ത്‌
പരിതപിക്കാതിരിക്കുക.."

"മറവിയുടെ
വെളിച്ചം കുറഞ്ഞ
സെമിത്തേരിയുടെ
ശിലാഫലകത്തില്‍
ഓര്‍മ്മയുടെ ശവം
കരിച്ചുണക്കിയെടുത്ത
നനുത്ത ചാരം
വാരി വിതറുക."

"ചിതറിക്കിടന്നീടുന്ന
എല്ലിന്‍കഷണങ്ങള്‍
ബാക്കി വച്ച
മാംസപിണ്ഢങ്ങളാല്‍
കല്ലറയുടെ
പുറംപാളിയ്ക്ക്‌
ചൂടു പകരുക."

"അസഹ്യതയുടെ
പാരമ്യത്തില്‍
ഓര്‍മ്മയുടെ
പുറംകാഴ്ചകളിലേക്ക്‌
ആകാംക്ഷയോട്‌
കുതറിച്ചാടാന്‍
തയ്യാറെടുക്കുന്ന
ആത്മാവിനെ
മരവിച്ച ഹൃദയത്തില്‍
നഷ്ടപ്പെട്ട താളത്തെ
കാട്ടിക്കൊടുത്ത്‌
അടക്കിനിര്‍ത്തുക."

"നിന്റെ ചിന്തകളുടെ
ബലിപീഠത്തില്‍
കഴുത്തിനീട്ടിനില്‍ക്കുന്ന
ഭൂതകാലത്തിന്റെ
ചോരമണക്കുന്ന
ചോദ്യങ്ങള്‍ക്ക്‌
ഉത്തരമില്ലെന്ന്‌
തിരിച്ചറിഞ്ഞ്‌
പൊട്ടിച്ചിരിക്കുക."

3 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"നിന്റെ ചിന്തകളുടെ
ബലിപീഠത്തില്‍
കഴുത്തിനീട്ടിനില്‍ക്കുന്ന
ഭൂതകാലത്തിന്റെ
ചോരമണക്കുന്ന
ചോദ്യങ്ങള്‍ക്ക്‌
ഉത്തരമില്ലെന്ന്‌
തിരിച്ചറിഞ്ഞ്‌
പൊട്ടിച്ചിരിക്കുക."

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനത്തെ സ്റ്റാന്‍സ ഗംഭീരം!

girishvarma balussery... said...

അജയ്..അസ്സലായിട്ടുണ്ട്... എപ്പോഴും ഭൂതകാലത്തിന്റെ ചോദ്യങ്ങള്‍ നമ്മെ പിന്തുടര്‍ന്ന്കൊണ്ടേയിരിക്കും അല്ലേ? അതിനെ കല്ലറയില്‍ അടക്കേണ്ട ... നല്ല വരികള്‍ ഇനിയും പ്രതീക്ഷിക്കുന്നു ...