Friday, December 5, 2014

വേര്.


;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

"ചോര നിറമുള്ള കണ്‍പോളകള്‍
അടര്‍ന്ന് മാറുന്നതിന് മുമ്പെ
ആ വേരിന്റെ സാന്നിദ്ധ്യം
എന്നോട് പതിയെ
വിളിച്ചുപറഞ്ഞത് ഹൃദയം..
ജന്മം നല്‍കുന്നവളെ
ആത്മാവിനോട് ബന്ധിപ്പിക്കുന്ന
രക്തബന്ധത്തിന്റെ അടയാളമാണ്
അതെന്ന് സ്വയം പഠിപ്പിക്കാന്‍ ശ്രമിച്ചു"

"നിശീഥിനിയുടെ മൂന്നാംയാമത്തില്‍
മുന്നൂറ് ദിനരാത്രങ്ങളോളം
കഴിച്ചുകൂട്ടിയ സുരക്ഷിതത്വത്തിന്റെ
രക്തയറയില്‍ നിന്ന് അവരെന്നെ
തല കീഴായ് പുറത്തെടുത്തപ്പോള്‍
അറുത്ത്മാറ്റപ്പെട്ട വേരിനെയോര്‍ത്ത്
ഞാനുറക്കെ കരഞ്ഞു.
അതായിരുന്നു ആദ്യത്തെ കരച്ചില്‍"

"പൊക്കിള്‍കൊടിയുടെ
സ്മാരകമെന്ന പോലെ
ഉദരപ്പുറമെ വഹിച്ച മാസംഭാഗം
വേരിന്റെ രൂപാന്തരമാണെന്ന്
സ്വയം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു
ജീവിതത്തിന്റെ അടിവേര്
കാലം അറുത്തുമാറ്റവെ...
ഈ ലോകത്തോട് ചേര്‍ത്ത്
നിര്‍ത്തുന്ന വേരുകളാണ്
ബന്ധങ്ങളെന്ന് തിരിച്ചറിഞ്ഞു.."

'സെമിത്തേരിയില്‍ അടര്‍ത്തുവീണ
മരത്തിന്റെ ഉണങ്ങിയ വേരിനെ
ശവക്കല്ലറയ്ക്കുള്ളില്‍ നിന്നും
ഞാന്‍ എത്തിപ്പിടിക്കാന്‍ ശ്രമിച്ചു.
ആത്മാവിനോടുള്ള പ്രണയംകൊണ്ടാവാം..
ശിഖരമെന്‍ കൈകളായി മാറി
മരിക്കാന്‍ മനസ്സില്ലെന്നുദ്‌ഘോഷിച്ച്
ആകാശത്തിലേക്കുയര്‍ന്നു...'

No comments: