Thursday, August 21, 2008

നീ ചെയ്യേണ്ടത്‌...


"മരണത്തിന്റെ
ഗന്ധമുള്ള
ഇരുണ്ട ഇടനാഴിയില്‍
പരിചയിച്ച
വിളര്‍ച്ച ബാധിച്ച
മുഖങ്ങള്‍ക്കിടയില്‍
സ്വന്തം മുഖവും
കാണേണ്ടി വന്നതോര്‍ത്ത്‌
പരിതപിക്കാതിരിക്കുക.."

"മറവിയുടെ
വെളിച്ചം കുറഞ്ഞ
സെമിത്തേരിയുടെ
ശിലാഫലകത്തില്‍
ഓര്‍മ്മയുടെ ശവം
കരിച്ചുണക്കിയെടുത്ത
നനുത്ത ചാരം
വാരി വിതറുക."

"ചിതറിക്കിടന്നീടുന്ന
എല്ലിന്‍കഷണങ്ങള്‍
ബാക്കി വച്ച
മാംസപിണ്ഢങ്ങളാല്‍
കല്ലറയുടെ
പുറംപാളിയ്ക്ക്‌
ചൂടു പകരുക."

"അസഹ്യതയുടെ
പാരമ്യത്തില്‍
ഓര്‍മ്മയുടെ
പുറംകാഴ്ചകളിലേക്ക്‌
ആകാംക്ഷയോട്‌
കുതറിച്ചാടാന്‍
തയ്യാറെടുക്കുന്ന
ആത്മാവിനെ
മരവിച്ച ഹൃദയത്തില്‍
നഷ്ടപ്പെട്ട താളത്തെ
കാട്ടിക്കൊടുത്ത്‌
അടക്കിനിര്‍ത്തുക."

"നിന്റെ ചിന്തകളുടെ
ബലിപീഠത്തില്‍
കഴുത്തിനീട്ടിനില്‍ക്കുന്ന
ഭൂതകാലത്തിന്റെ
ചോരമണക്കുന്ന
ചോദ്യങ്ങള്‍ക്ക്‌
ഉത്തരമില്ലെന്ന്‌
തിരിച്ചറിഞ്ഞ്‌
പൊട്ടിച്ചിരിക്കുക."

Tuesday, August 12, 2008

വാക്ക്‌



"മേശപ്പുറത്തെ
പഴയ മഷിക്കുപ്പിയില്‍
നിന്നും നിറം മങ്ങിയ
കൊഴുത്ത ദ്രാവകം;
യുഗങ്ങള്‍ക്ക്‌ മുമ്പെ
സ്വന്തമാക്കിയിരുന്ന
തടിച്ച പേനയ്ക്കുള്ളില്‍
നിറയ്ക്കാനൊരുങ്ങവെ
എന്റെ കൈകള്‍
ഞാനറിയാതെ തന്നെ
നിശ്ചലമായി!!!"

"തിരിച്ചറിവിനുള്ള
സമയം നല്‍കാതെ
തീഷ്ണതയാര്‍ന്ന
യൗവനം പക്ഷേ
എനിക്കുംമുമ്പെ
കടന്നുപോയിരുന്നു.
കാലത്തിന്റെ കയ്യില്‍
നിന്നും പണയമായെടുത്ത
ചിതലരിച്ച രഥത്തിലാണ്‌
തങ്ങളുടെ യാത്രയെന്ന്‌
വിളിച്ചുപറയാന്‍
യുവതയെ വഹിച്ച
കറുത്ത കുതിരകള്‍
എന്തുകൊണ്ടോ
മനസ്സുകാണിച്ചില്ല."

"നനുത്ത തൊണ്ടയില്‍
കുരുങ്ങിക്കിടന്ന
വാക്കുകള്‍ ഒന്നാകെ
നഷ്ടപ്പെട്ടിരിക്കുന്നുവെന്ന
യാഥാര്‍ത്ഥ്യം വെളിപ്പെടുത്താന്‍
മടിയായിരുന്നു.
എനിക്കായ്‌ മാത്രം
സ്വന്തമല്ലവയെന്ന
തോന്നല്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചു.
ഓരോ വാക്കും
ജിവന്‍ വേറിട്ട്‌
വല്ലാത്തൊരു വെറുപ്പോടെ
വിട പറയും വരെ."