"ശിലയുടെ നിറമാർന്ന,
നിലാവിൻ പ്രഭയുള്ള
ദളിതനായിരുന്നവൻ,
എൻ്റെ മാവേലി,,
അവർക്കായ് മാത്രം ജീവിച്ചവൻ
അടിയാളർക്ക് തണലായപ്പോൾ
സ്നേഹം കൊണ്ട് നയിച്ച മൂപ്പനെ
രാജാവെന്നവർ വിളിച്ചു.,,,
മുഖവും മനസും ഇരുണ്ടു,
മാടമ്പി മനയിലെ തമ്പുരാന്,,,
ഉറ്റവർക്കും ഉടയോർക്കും
വിലയിട്ടു ആര്യൻ;
തലമുറകളുടെ ആവർത്തനത്തിലും
ഉണങ്ങാത്ത ചുടുചോരയുടെ വില
ആ വിയർപ്പും അധ്വാനവും
അലിഞ്ഞ പാടത്തെ ചേറ്റിൽ
അവൻ്റെ ശിരസ് ജീവനോടെ
ചവിട്ടിത്താഴ്ത്തീ,,
മനയിലെ ദൈവം'.
അന്വേഷിച്ച പാവങ്ങളോട്
മേലാളനുര ചെയ്തു,,,
"അവൻ വർഷത്തിലൊരിക്കൽ
തിരികെ വരുമെന്ന് ''
കള്ളം പോലും നാണിച്ചു
തമ്പുരാൻ്റെ ചതിയ്ക്ക് മുന്നിൽ,,
കൊന്നിട്ടും തീർന്നില്ല പക, !!
അധ്വാനിയുടെ ദേഹത്തിന്
തൻ്റെ കുടവയറും നിറവും
പകർന്നൂ; മേലാളനും കൂട്ടരും
കീറത്തുണിയണിഞ്ഞവന്
പട്ടിൻ്റെ പ്രൗഢി ചുമത്തി,
നഗ്നമായ മാറിൽ അടിച്ചേൽപ്പിച്ചു,
മഞ്ഞലോഹത്തിൻ്റെ കലർപ്പ്,
വെയിലേറ്റ് വാടാത്തവന്;
ഇല്ലത്തിൻ്റെ മൂലയിൽ
എന്നോ ഉപേക്ഷിച്ച
മറക്കുടയുടെ മറവ് നൽകി
അവൻ്റെ നാടിനെ
പാതാളത്തോളം താഴ്ത്തി.
ചതിച്ച് കൊന്നവനെ
അനാദിയുടെ അവതാരമാക്കി,
ഒടുവിൽ ;
ഇരയ്ക്ക് 'തമ്പുരാൻ 'ൻ്റെ
നാമവും നൽകിയവർ
വീട്ടുകയാണിന്ന്;
യുഗാന്തരങ്ങൾക്കപ്പുറവും
അടങ്ങാത്ത വെറുപ്പ്,,"
1 comment:
good one........
Post a Comment