Sunday, July 13, 2008

ഭ്രമം


നക്ഷത്രങ്ങളെന്നത്‌
പേരിന്‌ പോലുമില്ലാത്ത
ആകാശം;
തേടിയലഞ്ഞവര്‍
മിന്നാമിനുങ്ങിന്റെ
കുഞ്ഞുവെട്ടം
കണ്ട്‌ ഭ്രമിച്ചിരുന്നു.

തിരകളില്ലാത്ത
കടലിനെയന്വേഷിച്ച്‌
യാത്രചെയ്തവരുടെ
ശബ്ദം പക്ഷെ;
കടല്‍ക്കാക്കകളുടെ
ബഹളത്തില്‍
അലിഞ്ഞില്ലാതായി.

ആത്മാവില്ലാത്ത
ലോകത്തെത്താന്‍
തിടുക്കം കൂട്ടിയവര്‍
ജീവന്റെ വിലയറിഞ്ഞ്‌
ഭൂമിയിലേക്ക്‌
തിരിച്ചുവരാന്‍ കൊതിച്ചു.

ചിറകുകളൊന്നാകെ
കരിഞ്ഞടര്‍ന്നുവീണ
നിശാശലഭങ്ങള്‍
വിളക്കിന്‌ ചുറ്റും
നൃത്തം ചെയ്യുന്നത്‌
സ്വപ്നം കാണുവാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.

അണയാറായ
ആ ദീപത്തിനരികെ
എഴുതാതെ പോയ
പരീക്ഷയുടെ
ഉത്തരങ്ങളെയോര്‍ത്ത്‌
മനസ്സ്‌ തളര്‍ന്ന കുട്ടികള്‍
ഉറക്കം തൂങ്ങുകയായിരുന്നു.

8 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"ഭ്രമം ബാധിച്ച, ഇരുണ്ട മനസ്സ്‌
സങ്കല്‍പ്പിച്ചുകൂട്ടുന്ന
കാര്യങ്ങളുടെ
യാഥാര്‍ത്ഥ്യത്തെയോര്‍ത്ത്‌
അറിയാതെയെങ്കിലും
പരിതപിക്കേണ്ടിവരുന്നു...
പലപ്പോഴും..."

Rare Rose said...

അന്യന്‍ ജീ..,..മനോഹരമായ വരികള്‍..ഇങ്ങനെ ഭ്രമങ്ങളില്‍ പെട്ടുഴറുന്നവരല്ലേ എല്ലാരും....സാധ്യമാകില്ലെന്നറിയുമ്പോഴും കയ്യെത്തും ദൂരത്തു തന്നെയുണ്ടെന്നു തോന്നിപ്പിക്കുന്ന വിഭ്രമക്കാഴ്ച്കകള്‍...

Unknown said...

അണയാറായ
ആ ദീപത്തിനരികെ
എഴുതാതെ പോയ
പരീക്ഷയുടെ
ഉത്തരങ്ങളെയോര്‍ത്ത്‌
മനസ്സ്‌ തളര്‍ന്ന കുട്ടികള്‍
ഉറക്കം തൂങ്ങുകയായിരുന്നു
നല്ല ചിന്തകള്‍ പകരുന്ന വരികള്‍
നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്ന മനസ്സിന്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനവരികള്‍ മനോഹരമായി

Sathees Makkoth | Asha Revamma said...

മനോഹരം!

CHANTHU said...

ഇഷ്ടത്തോടെ വായിച്ചു. അഭിനന്ദനം.

Dr. Prasanth Krishna said...

ചിറകുകളൊന്നാകെ
കരിഞ്ഞടര്‍ന്നുവീണ
നിശാശലഭങ്ങള്‍
വിളക്കിന്‌ ചുറ്റും
നൃത്തം ചെയ്യുന്നത്‌
സ്വപ്നം കാണുവാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.

അന്യന്‍കുട്ടീ നന്നായിരിക്കുന്നു. മനസ്സില്‍ തട്ടുന്ന വക്കുകള്‍

Ranjith chemmad / ചെമ്മാടൻ said...

നല്ല വായന; നല്ല നിരീക്ഷണങ്ങള്‍
ആശംസകള്‍...