Sunday, November 11, 2007

ചവറ്റുകൂന


"ഉപേക്ഷിക്കപ്പെട്ട..
ചവറ്റുകൂനയ്ക്കുള്ളില്‍;
മാലിന്യം കുത്തിനിറയ്ക്കാന്‍
വെമ്പല്‍ കൊള്ളുന്നവര്‍,
പരിശുദ്ധമായ ആ-
മാലിന്യപാനപാത്രത്തിന്‌,
മറ്റൊരു സമ്മാനം കൂടി;
കനിഞ്ഞുനല്‍കി.."


"കുറുക്കന്‍മാര്‍-
ഓരിയിടാന്‍ മത്സരിക്കുന്ന,
രാത്രിയുടെ അന്ത്യയാമത്തില്‍-
കരച്ചിലിന്റെ മാസ്മരികത;
തെരുവുതെണ്ടി അനുഭവിച്ചറിഞ്ഞു.
തെല്ലൊരു വിസ്മയത്തിന്റെ-
കടയ്ക്കല്‍ നിന്നുകൊണ്ട്‌.."

"നഗരത്തിന്റെ -
ദുര്‍ഗന്ധമൊട്ടാകെ,
ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട
ചവറ്റുകുറ്റയ്ക്കരികിലേക്ക്‌,
അവന്‍ എത്തിനോക്കി.
നാഗരികത ബഹിഷ്കരിച്ച;
മാലിന്യങ്ങള്‍ക്കൊപ്പം-
ഏതോ സ്ത്രീയ്ക്ക്‌,
ആരോ ദാനം നല്‍കിയ
ബീജത്തിന്റെ ആള്‍രൂപം;
അവന്‌ കാണേണ്ടിവന്നു."


"പത്തുമാസത്തോളം കാലം
ഇരുണ്ട തടവറയില്‍-
അല്ലലില്ലാതെ കഴിഞ്ഞിരുന്ന;
അവന്‍ പുറത്തുവന്നത്‌,
കരച്ചിലിന്റെ-
അകമ്പടിയോടെയായിരുന്നില്ല.
ജനനം പുറത്തായാല്‍;
താന്‍ ഇല്ലാതാക്കപ്പെടുമെന്ന്‌-
ആ നവജാത ശിശു,
മനസ്സിലാക്കിയിരിക്കാം."


"നിനച്ചിരിക്കാതെ ലഭിച്ച
ഭിക്ഷയെ കണ്ട്‌-
തെരുവിന്റെ സന്തതി;
അല്‍പനേരം പകച്ചുനിന്നു.
ആരോരുമില്ലാത്ത തനിക്ക്‌-
ഒരു കൂട്ടായി;


"അവകാശവാദവുമായി-
ആരുമെത്തില്ലെന്ന്‌ ഉറപ്പായിരുന്നു.
കുഞ്ഞിന്റെ ഓമനത്വം;
തെരുവ്‌ തെണ്ടിയെ കീഴടക്കി.
ചവറ്റുകൂനയുടെ സമ്മാനത്തെ,
അയാള്‍ക്ക്‌ സ്വീകരിക്കേണ്ടി വന്നു.
നിറഞ്ഞ മനസ്സോടെ...
ദാനം കിട്ടിയ സൗഭാഗ്യത്തിന്റെ
ഓമനത്വം അവന്റൈ
ജീവിതത്തിലെ വിരസതയെ
അല്‍പമകറ്റിയേക്കാം..."


"മാത്രമല്ല...;
നാളേറെ കഴിഞ്ഞാല്‍;
വരുമാനത്തിന്‌ മാര്‍ഗ്ഗവുമാവാം.
നിസ്സഹായതയ്ക്ക്‌,
ലഭിച്ചേക്കാവുന്ന മാര്‍ക്കറ്റ്‌-
തെരുവിന്റെ സന്തതിയ്ക്കും;
നല്ല പോല്‍ അറിയാമായിരുന്നു."

Monday, September 17, 2007

സ്മാര്‍ത്തവിചാരം




അടക്കാനാവാതെ കത്തിപ്പടര്‍ന്ന
വികാരസമുദ്രത്തെ തണുപ്പിക്കാന്‍
ശമനത്തിനുള്ള എളുപ്പവഴി
തേടിപ്പോയതാണ്‌ താത്രിക്കുട്ടി

മനയ്ക്കലെ നാലുകെട്ടിന്റെ
ഇടുങ്ങിയ ലോകത്തില്‍
സ്വയം തളച്ചിട്ടതാണിത്തതായിരുന്നു
മരവിച്ച നാളുകളില്‍


വയ്യ; ചിന്തകള്‍ വികാരങ്ങള്‍ക്ക്‌
വഴി മാറുന്ന ഇടവേളകളിലെങ്കിലും
തന്റെ ശരീരത്തിന്റെ ആവശ്യത്തെ
നിറവേറ്റുന്നതില്‍ തെറ്റില്ലെന്ന്‌ തോന്നിയവള്‍ക്ക്‌

പുലര്‍ച്ചെ മുതല്‍ തമ്പ്രാന്റെ പാടത്ത്‌
ചോര നീരാക്കി അധ്വാനിച്ച
കോമന്‍ തെക്കേലെ ചായ്പില്‍
തളര്‍ന്നുറങ്ങുകയാണ്‌....

തമ്പ്രാന്‌ മാത്രമല്ല തനിക്കും
കോമന്‌ മേല്‍ അധികാരമുണ്ട്‌.
അത്‌ പക്ഷെ പാടത്ത്‌ പണിയാനല്ല
ശരീരത്തിന്റെ ദാഹം ശമിപ്പിക്കാന്‍
എന്നാല്‍ മുണ്ടും തോര്‍ത്തും
നന്നായി മുറുക്കിയുടുത്ത്‌
അടിയാന്‍ ചെന്നു ചാടിയത്‌
നേരെ തമ്പ്രാന്റെ തിരുമുമ്പില്‍

കാര്യമായൊന്നും ഉരിയാടാതെ
തമ്പ്രാന്‍ വാല്യക്കാരെ നീട്ടി വിളിച്ചു
അടുത്ത ദിവസം കോമന്റെ ശരീരം
പുഴയില്‍ പൊങ്ങി..ജീവനില്ലാതെ

തമ്പ്രാട്ടിയോടൊന്നും ചോദിക്കേണ്ട
സ്മാര്‍ത്തവിചാരത്തിന്‌
വലിയ പ്രസക്തിയേതുമില്ല
കാരണം
തമ്പ്രാട്ടി തെറ്റ്‌ ചെയ്തില്ല.....!