Thursday, July 31, 2008

മിഴികള്‍


"നിങ്ങളെന്നെ
ചങ്ങലയ്ക്കിട്ടുവെന്ന
കൃഷ്ണമണിയുടെ
പരിഭവം
മിഴികളുടെ
പൊട്ടിച്ചിരിയില്‍
അലിഞ്ഞുചേര്‍ന്നു."

"പീലികളുടെ തടവറയില്‍
പുറംകാഴ്ചയുടെ
മാധുര്യം നുണയാന്‍
എല്ലായ്പ്പോഴും
കഴിയാറില്ലെന്ന സത്യം
പുറത്തുപറയാന്‍
കണ്ണുകള്‍ മടി കാണിച്ചു."

"തങ്ങളുടെ സ്വാതന്ത്ര്യം
കണ്‍പോളകളുടെ
ചലനത്തിലാണെന്ന
രഹസ്യം മിഴികള്‍ക്ക്‌
അന്യമാണെന്ന
തിരിച്ചറവില്‍
പീലികള്‍ അടക്കിച്ചിരിച്ചു."

"മിഴികള്‍ മുഖത്തോടും
ശരീരം ആത്മാവിനോടും
പരാതി പറയുന്നത്‌
തുടര്‍ന്നുകൊണ്ടേയിരുന്നു.
ശൂന്യതയില്‍ ബന്ധിതനാണ്‌
താനെന്ന യാഥാര്‍ത്ഥ്യം
ആത്മാവ്‌ നിര്‍ലജ്ജം
വെളിപ്പെടുത്തും വരെ."

Sunday, July 13, 2008

ഭ്രമം


നക്ഷത്രങ്ങളെന്നത്‌
പേരിന്‌ പോലുമില്ലാത്ത
ആകാശം;
തേടിയലഞ്ഞവര്‍
മിന്നാമിനുങ്ങിന്റെ
കുഞ്ഞുവെട്ടം
കണ്ട്‌ ഭ്രമിച്ചിരുന്നു.

തിരകളില്ലാത്ത
കടലിനെയന്വേഷിച്ച്‌
യാത്രചെയ്തവരുടെ
ശബ്ദം പക്ഷെ;
കടല്‍ക്കാക്കകളുടെ
ബഹളത്തില്‍
അലിഞ്ഞില്ലാതായി.

ആത്മാവില്ലാത്ത
ലോകത്തെത്താന്‍
തിടുക്കം കൂട്ടിയവര്‍
ജീവന്റെ വിലയറിഞ്ഞ്‌
ഭൂമിയിലേക്ക്‌
തിരിച്ചുവരാന്‍ കൊതിച്ചു.

ചിറകുകളൊന്നാകെ
കരിഞ്ഞടര്‍ന്നുവീണ
നിശാശലഭങ്ങള്‍
വിളക്കിന്‌ ചുറ്റും
നൃത്തം ചെയ്യുന്നത്‌
സ്വപ്നം കാണുവാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.

അണയാറായ
ആ ദീപത്തിനരികെ
എഴുതാതെ പോയ
പരീക്ഷയുടെ
ഉത്തരങ്ങളെയോര്‍ത്ത്‌
മനസ്സ്‌ തളര്‍ന്ന കുട്ടികള്‍
ഉറക്കം തൂങ്ങുകയായിരുന്നു.