Saturday, June 28, 2008

ഒറ്റപ്പെടല്‍



"ഗര്‍ഭപാത്രത്തിന്റെ
ഇരുട്ടറയില്‍
ഒതുങ്ങിക്കൂടാന്‍
വിധിക്കപ്പെട്ട
ദിനങ്ങളോരോന്നും
ഏകാന്തതയുടെ
പരമ്പരയ്ക്ക്‌
തുടക്കമായെന്ന്‌
ഓര്‍മ്മിപ്പിച്ചു ".

"ഒറ്റപ്പെടലിന്റെ
വിരസതയില്‍ നിന്ന്‌
സ്വതന്ത്രനായതിലുള്ള
അതിരേകം കൊണ്ടാവാം
ആദ്യത്തെ കണ്ണുനീരിന്‌
നനുത്ത മധുരമായിരുന്നു ".
"ശൈശവത്തിന്റെ
നിഷ്കളങ്കതയെ
ഒറ്റപ്പെടുത്തുവാന്‍
ബാല്യത്തിന്റെ കൗതുകം
എന്തെന്നില്ലാത്ത
ഉത്സാഹമാണ്‌
പ്രകടിപ്പിച്ചത്‌ ".

"കൗമാരചാപല്യം
വഴിയൊരുക്കി;
കുതിപ്പും കിതപ്പും -
അരങ്ങു തകര്‍ത്താടുന്ന
ചോരത്തിളപ്പേറിയ
യൗവനത്തിന്‌ ".
"ഏകനാണെന്ന പ്രതീതി -
അകറ്റുവാനായ്‌
സ്വയം വരുത്തിവച്ച
ഗാര്‍ഹസ്ഥ്യം പക്ഷേ;
ഒറ്റപ്പെടലിന്റെ തീഷ്ണതയ്ക്ക്‌
ആക്കംകൂട്ടുകയായിരുന്നു".

"അപര്യാപ്തതയുടെ
നനുത്ത വാര്‍ദ്ധക്യം
വഴിയൊരുക്കിയത്‌ -
തിരിച്ചുവരവില്ലാത്ത
പ്രയാണത്തിനാണെന്ന്‌
അറിഞ്ഞിരുന്നു.പക്ഷേ;".
"മരണത്തിന്റെ
മരം കോച്ചുന്ന
തണുപ്പിന്‌
സമയമായെന്ന്‌
ആദ്യം വിളിച്ചറിയിച്ചു; -
മിടിപ്പ്‌ നിര്‍ത്തിയ ഹൃദയം ".

"ഞാന്‍ ഒറ്റയാണെന്ന
ആത്മാവിന്റെ ശബ്ദം
തിരിച്ചറിയാന്‍ -
പട്ടടയിലെ;
ഉണങ്ങിയ വിറകുകള്‍
വല്ലാത്തൊരു
ദാഹത്തോടെ പുല്‍കിയ
അഗ്നിക്ക്‌
മാത്രമാണ്‌ സാധിച്ചത്‌".