Sunday, November 11, 2007

ചവറ്റുകൂന


"ഉപേക്ഷിക്കപ്പെട്ട..
ചവറ്റുകൂനയ്ക്കുള്ളില്‍;
മാലിന്യം കുത്തിനിറയ്ക്കാന്‍
വെമ്പല്‍ കൊള്ളുന്നവര്‍,
പരിശുദ്ധമായ ആ-
മാലിന്യപാനപാത്രത്തിന്‌,
മറ്റൊരു സമ്മാനം കൂടി;
കനിഞ്ഞുനല്‍കി.."


"കുറുക്കന്‍മാര്‍-
ഓരിയിടാന്‍ മത്സരിക്കുന്ന,
രാത്രിയുടെ അന്ത്യയാമത്തില്‍-
കരച്ചിലിന്റെ മാസ്മരികത;
തെരുവുതെണ്ടി അനുഭവിച്ചറിഞ്ഞു.
തെല്ലൊരു വിസ്മയത്തിന്റെ-
കടയ്ക്കല്‍ നിന്നുകൊണ്ട്‌.."

"നഗരത്തിന്റെ -
ദുര്‍ഗന്ധമൊട്ടാകെ,
ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട
ചവറ്റുകുറ്റയ്ക്കരികിലേക്ക്‌,
അവന്‍ എത്തിനോക്കി.
നാഗരികത ബഹിഷ്കരിച്ച;
മാലിന്യങ്ങള്‍ക്കൊപ്പം-
ഏതോ സ്ത്രീയ്ക്ക്‌,
ആരോ ദാനം നല്‍കിയ
ബീജത്തിന്റെ ആള്‍രൂപം;
അവന്‌ കാണേണ്ടിവന്നു."


"പത്തുമാസത്തോളം കാലം
ഇരുണ്ട തടവറയില്‍-
അല്ലലില്ലാതെ കഴിഞ്ഞിരുന്ന;
അവന്‍ പുറത്തുവന്നത്‌,
കരച്ചിലിന്റെ-
അകമ്പടിയോടെയായിരുന്നില്ല.
ജനനം പുറത്തായാല്‍;
താന്‍ ഇല്ലാതാക്കപ്പെടുമെന്ന്‌-
ആ നവജാത ശിശു,
മനസ്സിലാക്കിയിരിക്കാം."


"നിനച്ചിരിക്കാതെ ലഭിച്ച
ഭിക്ഷയെ കണ്ട്‌-
തെരുവിന്റെ സന്തതി;
അല്‍പനേരം പകച്ചുനിന്നു.
ആരോരുമില്ലാത്ത തനിക്ക്‌-
ഒരു കൂട്ടായി;


"അവകാശവാദവുമായി-
ആരുമെത്തില്ലെന്ന്‌ ഉറപ്പായിരുന്നു.
കുഞ്ഞിന്റെ ഓമനത്വം;
തെരുവ്‌ തെണ്ടിയെ കീഴടക്കി.
ചവറ്റുകൂനയുടെ സമ്മാനത്തെ,
അയാള്‍ക്ക്‌ സ്വീകരിക്കേണ്ടി വന്നു.
നിറഞ്ഞ മനസ്സോടെ...
ദാനം കിട്ടിയ സൗഭാഗ്യത്തിന്റെ
ഓമനത്വം അവന്റൈ
ജീവിതത്തിലെ വിരസതയെ
അല്‍പമകറ്റിയേക്കാം..."


"മാത്രമല്ല...;
നാളേറെ കഴിഞ്ഞാല്‍;
വരുമാനത്തിന്‌ മാര്‍ഗ്ഗവുമാവാം.
നിസ്സഹായതയ്ക്ക്‌,
ലഭിച്ചേക്കാവുന്ന മാര്‍ക്കറ്റ്‌-
തെരുവിന്റെ സന്തതിയ്ക്കും;
നല്ല പോല്‍ അറിയാമായിരുന്നു."